Tuesday, June 30, 2020

യാത്ര ..


ഒരു യാത്ര പോകണം ... ഒരു തിരിച്ചു പോക്ക് .....
ജീവിതത്തിലേക്കല്ല ..
ജീവിതം ................ !!
അതെന്നോ കൈ വിട്ടതല്ലേ... ഇത് പിറന്ന നാടിനെ ഒന്ന് കൂടി കാണുവാൻ ...
ബാല്യ കൗമാരത്തിലെ ആ കുറുമ്പുകളും യൗവ്വന തീക്ഷണതയിലെ ആ സ്വപ്നങ്ങളെയും ഒന്ന് കൂടെ താലോലിക്കുവാൻ    ........
 വെറുതെ............
 വെറും വെറുതെ ....
മങ്ങി  തുടങ്ങിയ ഓർമ്മകൾക്കു നിറം പിടിപ്പിക്കുവാൻ മാത്രമായി ഒരു യാത്ര ...
ഓർമ്മകളെ ചിതലരിക്കുവാൻ വിട്ടു കൊടുത്തുകൂടാ .............
ഇനിയും ചിതലരിക്കുവാൻ ഓർമ്മകൾ മാത്രമേ ബാക്കിയുള്ളൂ ............

പഴയതൊന്നും അവശേഷിക്കുണ്ടാവില്ല എങ്കിലും വിശാലമായ ആ തറവാട്ടു മുറ്റത്തു കൂടെ കൈകൾ വീശി ഒരു വട്ടം കൂടി നടക്കണം
 ഉമ്മറത്തെ ചാര് കസേരയിൽ ഒന്നിരിക്കണം പിന്നെ..... പിന്നെ ,,,
പ്രിയപെട്ടവരുടെ കബറിനരികിൽ ഒന്ന് പോകണം ....

 തിരിച്ചു പോക്ക് അതൊരു വിങ്ങലായി മനസ്സിൽ ഉണ്ടെങ്കിലും വേദനയോടെ കടിച്ചമർത്തുകയായിരുന്നു ഇപ്പോഴിതാ അനിവാര്യമായി വന്നിരിക്കുന്നു ..
നീണ്ട  വർഷങ്ങൾ നാടും നാട്ടുകാരുമായി ബന്ധമില്ലാത്ത നീണ്ട ഇരുപത്തിയേഴു വർഷങ്ങൾ ..........
വിരക്തിയും വേദനയും ജീവിതത്തിൽ അവനവനോട്   തന്നെ വാശി കാണിക്കുകയായിരുന്നു ...
എനിക്കായി ഒരുപാടു തിരച്ചിലുകൾ ഉണ്ടായിരുന്നു എന്നറിയാം മനപൂർവം ഒളിച്ചു നടന്നു പരിചയക്കാരുടെ കണ്ണിൽ പെടാതെ ...
ഗൾഫിൽ കാണാതായ അനേകരിൽ അങ്ങനെ ഞാനും ഒരുവനായി ...
ബീച്ചിൽ ഇന്ന് തിരക്ക് കൂടുതലാണ് നാളെ മുതൽ ഈ ബീച്ച് എനിക്കന്യമാവുകയാണ് .. ചില  ഓർമ്മകളെ
താലോചിച്ചു കൊണ്ട് ഞാൻ മെല്ലെ മുന്പോട്ടു നടന്നു ... മെയ് വഴക്കകാരുടെ ഒരു ഘോഷ യാത്ര തന്നെ എന്നെ പിന്നിലാക്കി കടന്നു പോയി കൊണ്ടിരുന്നു

രണ്ടു ദിവസമായിരിക്കുന്നു നാട്ടിലെത്തിയിട്ട്..........
 താൽക്കാലികമായി ഗുരുവായൂരിലെ ഒരു ലോഡ്ജിൽ മുറിയെടുത്തിട്ടുണ്ട് ..
 എവിടെയും സ്ഥിരമാകണമെന്നു ആഗ്രഹമില്ല
ഒരു ഓളത്തിനൊത്തു അങ്ങനെ നീങ്ങി കൊണ്ടിരിക്കണം
ലക്ഷ്യങ്ങളെ സൃഷിടിക്കുന്നതു ബന്ധുത്വങ്ങളാണ് ..
ബന്ധുത്വം ഉപേക്ഷിച്ചവന് ഇനി ലക്ഷ്യ സ്ഥാനം നിർണയിക്കാൻ അധികാരമില്ല ..
 ഇനിയൊരു പുഴപോലെ ആഴമുള്ളിടത്തേക്കു ഒഴുകട്ടെ ജീവിതം ....
നാട്ടിൽ  ബന്ധുക്കൾ പലരുമുണ്ടാകാം
 പക്ഷെ ഇനിയൊരു പുതുക്കലിന്
 ഒരു വാർത്തക്ക്
അല്ലെങ്കിൽ  ഒരു ബാദ്യതക്കു  നിന്ന്   കൊടുക്കാൻ   കഴിയില്ല ..
സന്യാസത്തിൽ നിന്നു  ഗൃഹാശ്രമത്തിലേക്കു പ്രവേശിക്കുന്നത് അത്ര എളുപ്പമല്ല
പക്ഷെ സന്യാസം സ്വീകരിക്കാൻ എളുപ്പമാണ് ..
സന്യസത്തിനു പലപ്പോഴും സാഹചര്യങ്ങൾ അനുകൂലമായി വരുന്നു ..
 ഒറ്റപ്പെടൽ ...
ആ അവ്സഥയിലേക്കു മാനസികമായി പെരുത്തപ്പെടുക എന്നത് പ്രയാസം തന്നെ
പക്ഷെ പൊരുത്തപ്പെട്ടു കഴിഞ്ഞാൽ പിന്നീട് അതുമായി  ഇഴുകി ചേരും
മനസ്സ് അത്തരമൊരു പാകതയിലിലേക്കു സ്വയം സജ്ജമാകും .........

ജീവിതം ഇങ്ങനെ ഒക്കെ ആയി തീരണമെന്നോ തീരുമെന്നോ കരുതിയിരുന്നില്ല ..
 ആ മഴയുള്ള രാത്രിയിൽ ആ കല്യാണ വീടിന്റെ മതിൽ ചാടി കടക്കുമ്പോൾ തന്നെ നയിച്ച വികാരമെന്തായിരുന്നു ..?
വാശിയോ .. ചെറുപ്പത്തിന്റെ എന്തും ചെയ്യാൻ കഴിയുമെന്നുള്ള അഹങ്കാരമോ അതോ നഷ്ട പെടുന്നതിന്റെ വേദനയോ
ഉത്തരം : എല്ലാം കൂടി സമ്മിശ്രം ..........
യൗവ്വനത്തിന്റെ തീക്ഷ്ണതയിൽ പ്രേമം സുരഭിലമാകുന്ന ആ മുഹൂർത്തം എനിക്ക് സമ്മാനിച്ചത് ആ ആംഗലേയ ഭാഷ പഠന കേന്ദ്രമായിരുന്നു ...
ഭാഷ പഠനമായതു കൊണ്ട് തന്നെ തമ്മിൽ സംസാരിക്കുന്നതിനു ഒരു വിലക്കുമില്ലായിരുന്നു ..
പക്ഷെ ഭാഷക്ക് പകരം പരസ്പരം ഹൃദയങ്ങൾ പഠിയ്ക്കുകയായിരുന്നു ഞങ്ങൾ ...

ഒരു സുഹൃത്ത് മുഖേനെ ഞാൻ കല്യാണം ആലോചിച്ചു
എന്റെ സാമ്പത്തിക സ്ഥിതിയിൽ തട്ടി തുടക്കത്തിലേ അവർ അതിനെ നിരാകരിച്ചു ..
സിനിമയാണെങ്കിൽ ആ ഒരു വാശിപ്പുറത്തു ഇന്ന് ഞാൻ കോടീശ്വരൻ ആയി തീരുമായിരുന്നു ..
പക്ഷെ സിനിമയും ജീവിതവും അജ ഗജാന്തരം വ്യത്യാസമുണ്ട് ...
പക്ഷെ വിട്ടു കൊടുക്കാൻ ഞാനോ എന്റെ സ്നേഹം കണ്ടില്ലെന്നു നടിക്കാൻ അവളോ തയ്യാറല്ലായിരുന്നു ..

 ജോലിക്കും വിസക്കും വേണ്ടിയുള്ള എന്റെ കാത്തിരിപ്പു പിന്നെയും നീണ്ടു ..
 അതിനിടയിൽ അവൾക്കു ഒറ്റപെട്ടു വരുന്ന ചില വിവാഹ ആലോചനകൾ ...
ഇഷ്ടമായില്ലെന്നും ഇനിയും പഠിക്കണമെന്നുമൊക്കെയുള്ള മുടന്തൻ ന്യായങ്ങളോടെ ചിലതെല്ലാം ഒഴിവാക്കാൻ അവൾക്കു കഴിഞ്ഞു ..
ഏറെയൊന്നും പിടിച്ചു നില്ക്കാൻ അവളെ പോലെ പോലെ ഒരു പെൺകുട്ടിക്ക് ആവുമായിരുന്നില്ല
 സമ്മർദ്ദവും ഭീഷണിയും എല്ലാം ഒത്തു ചേർന്ന് ഇന്ന് കല്യാണ തലേന്ന് വരെ കാര്യങ്ങൾ എത്തിയിരിക്കുന്നു .....

ജീവിതത്തിലേക്ക് ഒളിച്ചോടേണ്ടി വന്നിരിക്കുന്നു
സുഹൃത്ത് റഹീമിന്റെ ബൈക്കിൽ അവളെയും കൊണ്ട് പാലക്കാട് ചടയൻ കാലയിലെത്തുമ്പോൾ
മഴ തോർന്നിരുന്നില്ലെങ്കിലും പുലർച്ചയോടെ കിരണങ്ങൾ കാതങ്ങൾ പിന്നിട്ടിരുന്നു ... മന്ദലംകുന്ന് ....മന്ദലാംകുന്ന് .... ഇറങ്ങുന്നില്ലേ കണ്ടക്ടറുടെ ചോദ്യമാണ് ചിന്തയിൽ നിന്നും സ്വപ്നത്തിൽ നിന്നും ഉണർത്തിയത്
 ബസിറങ്ങി ആദ്യം നടന്നത്  വിശാലമായ തറവാടും ആ മുറ്റവും കാണുവാനായിരുന്നു ..
പക്ഷെ കാണാൻ കഴിഞ്ഞത്  ...
ചെറിയ മതിൽ കെട്ടുകൾക്കുളിൽ ഒതുങ്ങി പോയ ചില കോൺക്രീറ്റ് വീടുകൾ ...
 മനസ്സ് വല്ലാതെ വേദനിച്ചു .......
ഏറെ നേരം അവിടെ നിന്നില്ല  നേരെ ബീച്ചിലേക്ക് നടന്നു

ഓർമ്മകളുടെ കെട്ടഴിക്കാൻ തീരങ്ങളെയാണ് സാധാരണ തിരഞ്ഞെടുക്കാറ്...
കണ്ണീർ കൊണ്ട് കഥ പറയുമ്പോൾ ആ തിരമാലകളും കടൽ കാറ്റും ഒരു സ്നേഹ സ്പർശമായി സ്വാന്തനമായി അരികിലുണ്ടാകും ..

ആ കല്യാണ വീട് മരണ വീടായിരിക്കുന്നു.. മകളുടെ നഷ്ടം താങ്ങാനുള്ള ശേഷി ആ പിതൃ ഹൃദയത്തിനു ഉണ്ടായിരുന്നില്ല
""എന്തായാലും നിങ്ങളിപ്പോൾ ഇങ്ങോട്ടു വരണ്ട ചില പ്രശ്നങ്ങളുണ്ട് "" റഹീം പറഞ്ഞത് മുഴുവനായി കേൾക്കാൻ കഴിഞ്ഞില്ല..
പൈസ കൊടുത്തു ആ ബൂത്തിൽ നിന്ന് ഇറങ്ങുമ്പോൾ ഞാനും പാതി മരിച്ചിരുന്നു ...
ഒരർത്ഥത്തിൽ ഞാനൊരു കൊലപാതകിയാണ് ...
വഞ്ചകനാണ്  .. ഒരു പെണ്ണിനേയും കൊണ്ട് ഒളിച്ചോടി ആണെന്ന വർഗ്ഗത്തിന് മുഴുവൻ നാണക്കേട് വരുത്തി വെച്ചിരിക്കുന്നു ....

അള്ളാഹു അകബര് അള്ളാഹു അക്ബർ ...
ജലാലിയ പള്ളിയിൽ നിന്നുള്ള അസറിന്റെ മാറ്റൊലി തിരമാലകളേറ്റു വാങ്ങി..................
 ഞാൻ തിരിച്ചു നടന്നു ....
പള്ളിക്കാട്‌...... അതിനെ രണ്ടായി പകുത്തു കൊണ്ട് പാഞ്ഞു പോകുന്ന നാഷണൽ ഹൈവേ  തിരക്ക് ഏറിയിരിക്കുന്നു വേഗതയും ......
റോഡ് പതുക്കെ മുറിച്ചു കടന്നു
 തറവാട്ടു പേരുകൾ കൊത്തിവെച്ച അന്തസ്സോടെ തല ഉയർത്തി നിൽക്കുന്ന ആ മീസാൻ കല്ലുകൾക്കിടയിൽ ഞാൻ തിരഞ്ഞ രണ്ടു കബറുകളും അടുത്തടുത്തായി
 ഉണ്ടായിരുന്നു .......

ആ സംഭവത്തിനു ശേഷം അവൾ എന്നോട് സംസാരിച്ചിട്ടില്ല ഞാൻ അവളോടും ..
കുറ്റബോധം കൊണ്ട് ഉമി തീയിൽ ഉരുകുന്ന ഞാൻ അവളുടെ നഷ്ടത്തിന് എന്ത് സമാധാനം പറയും ..
 സമാധാനവും സന്തോഷവും ആഗ്രഹിച്ച ഞങ്ങളുടെ ജീവിതം വിധി കീഴ്മേൽ മറിച്ചിരിക്കുന്നു......
ഒരു വാടക വീട്ടിൽ മനസ്സ് മരവിച്ച  രണ്ടു പേർ.. കടുത്ത പനി ആയിരുന്നു ആദ്യ ലക്ഷണം ..
എന്റെ ബോധം മറയുന്നതിനു മുന്ബെ അവളുടെ ആത്‌മാവ്‌ ആ ശരീരത്തോട് യാത്ര പറഞ്ഞിരിക്കുന്നു എന്ന് ഞാൻ മനസ്സിലാക്കി
 പിന്നീട് ഞാൻ കണ്ണ് തുറക്കുന്നത് പാലക്കാടു ജില്ലാ ഹോസ്പിറ്റലിൽ ആണ്
അപ്പോഴേക്കും ഒരു പകൽ അസ്തമിക്കുകയും ഒരു രാവ് ഉദിക്കുകയും ചെയ്തിരുന്നു ...

പള്ളി കുളവും പിലാപ്പി മീനുകളും എവിടെയോ പോയി മറഞ്ഞിരിക്കുന്നു ...
ഒരു മഴക്കാലം യാത്ര പറയുന്നതേ ഉള്ളൂ ..........
അത് കൊണ്ട് തന്നെ പച്ചപ്പ്‌ കൂടുതലാണ്
 മൈലാഞ്ചി ചെടികളും പച്ച പുല്ലുകളും ചില വള്ളി ചെടികളും ..
അവരവരുടെ സ്വന്തക്കാരുടെ ഖബറുകൾ മാത്രം ചിലർ വൃത്തിയാക്കിയിട്ടുണ്ട്
അസ്സലാമു അലൈക്കും അഹ്‌ലൻ ദിയാരി മിനൽ മുഅമിനീന വൽ മുസ്‌ലിമീൻ
 വ ഇന്നാ ഇന്ഷാ അള്ളാഹു ബിക്കും ലാഹികൂൺ നസ്അലല്ലാഹ് ലെന വ ലക്‌മെൻ ആഫിയ
എന്ന പ്രാർത്ഥനോയോടെ മുട്ടൊപ്പമെത്തിയ പുൽ തലപ്പുകളെ അവഗണിച്ചു ഞാൻ ആ കബറുകൾക്കരികിലെത്തി ..
ക്ഷമ പറയാൻ മറ്റൊരിടം എനിക്കില്ലായിരുന്നു  ...
കണ്ണീർ കണങ്ങൾ കൊണ്ട് മാപ്പു പറഞ്ഞു തിരിഞ്ഞു നടന്നു ...

ഈ അപരാധി ഒരു വട്ടം കൂടി ഈ നാടിനോട് യാത്ര പറയുകയാണ് ...
ചെയ്തു പോയ പാപങ്ങളെ മാപ്പു കൊണ്ട് കഴുകി കളയാനല്ല.. തിരിച്ചു വന്നത്
മറിച്ചു മങ്ങി തുടങ്ങിയ  ആ ഓർമ്മകൾക്ക് നിറം പകരനായിരുന്നു ...
എനിക്കുള്ള ശിക്ഷ ഞാനെന്നേ വിധിച്ചതാണ് ....

ആദ്യത്തെ ബസിൽ തന്നെ കയറി ദിക്ക് നോക്കിയില്ല ലക്ഷ്യമില്ലാത്തവന് ദിക്കെന്തിന്....
പക്ഷെ ഉയർന്നു നിൽക്കുന്ന ആ പള്ളി മിനാരങ്ങൾ കണ്ണിൽ നിന്നും മറയുന്നതു വരെ എന്റെ നോട്ടം പിറകിലേക്കായിരുന്നു ..
ബസിലെ സംഗീതം എന്നെ അലോസരപ്പെടുത്തി ചെവിയിൽ ഞാൻ വിരലുകൾ തിരുകി കണ്ണുകളടച്ചു    ...
അങ്ങനെ ലക്ഷ്യമില്ലാത്തിടത്തേക്കുള്ള ആ യാത്ര ഞാൻ വീണ്ടും തുടങ്ങി
                     .....................................

Monday, May 25, 2020

എന്റെ അക്ഷരയോർമ്മകൾ ..........


എടക്കഴിയൂർ ഹൈസ്കൂൾ പത്തു ഡിയിൽ അന്ന് ചരിത്രം പിറന്നു ...
നീയും കൂടി കടന്നു കൂടും എന്ന് ഞാൻ പ്രതീക്ഷിച്ചു '...
വിജയ ലക്ഷ്മി ടീച്ചറുടെ നിരാശയോടെ യുള്ള വാക്കുകൾ കേട്ട് ചെറിയൊരു കഥന ഭാരത്തോടെ നേരെ അക്ഷര മുറ്റത്തേക്ക് .............

എസ് എസ് എൽ സി തോറ്റവരുടെ മഹാ സംഗമം ..
ഒറ്റപ്പെട്ടതിന്റെ ദുഃഖം അവിടെ അവസാനിച്ചു ...
പക്ഷെ ചെന്ന് കയറിയത് സിംഹ കൂട്ടിലായിരുന്നു ...
ഒന്നല്ല ഒരുപാട് സിംഹങ്ങൾ ..........

ഉദാസീനതാ അവിടെ അവസാനിച്ചു .. ജീവിതത്തിനു തിരക്കേറി
മനസ്സിന് ചൂട് പിടിച്ചു .. ഉറക്കത്തിൽ പോലും എ square ബി square പറയാൻ തുടങ്ങി ...
അങ്ങിനെ അങ്ങിനെ നല്ല എരിവും പുളിയുമുള്ള ജീവിതം മുന്നോട്ട്....

എട്ടു മുപ്പതിന്റെ ബസ് കാത്തു നിൽക്കുബോഴാണ് ആ താത്ത ഓടി കിതച്ചു വന്നത് ..
മോനെ അസി ചോറുപൊതി എടുക്കാൻ മറന്നു ഇതൊന്നു അസിക്കു കൊടുക്കണേ ....
പണ്ടേ പരോപകാരത്തിനു പേരുകേട്ട ഞാൻ അത് രണ്ടു കയ്യും നീട്ടി സ്വീകരിച്ചു ...
എനിക്ക് ചെറിയൊരു സംശമില്ലാതില്ല ..
അസിയുടെ ചോറ് പൊതി എങ്ങിനെ ഇവരുടെ കയ്യിൽ വന്നു
സംശയ നിവാരണത്തിന് ഇട നൽകാതെ ദിവ്യ അലറി കുതിച്ചു വന്നു ...

ആരുടെയോ ബെൽറ്റിലാണ് പിടുത്തം കിട്ടിയത് വിടെടാ ..@#$%*$#@ എന്നൊക്കെ അവൻ പറയുന്നുണ്ട്  കാര്യമാക്കിയില്ല ..ഇന്നലെ ഒരുത്തൻ കയറി പിടിച്ചത് എന്റെ കഴുത്തിലായിരുന്നു ....

അസീസ് കസിനാണ് കൂട്ടുകാരനാണ് ഒരുമിച്ചാണ് പഠനവും വരവും പോക്കും എല്ലാം
പക്ഷെ അന്നത്തെ ദിവസം അവൻ ആരുടെയോ ബൈക്കിനു കുറുകെ ചാടിവീണു അയാളെ ഒട്ടിപ്പിടിച്ചു പോയിരുന്നു .. ഇടയ്ക്കു വെച്ച് ബൈക്ക് കേടു വരികയും അയാൾ അവനെ കൊണ്ട് മന്നലം കുന്ന് പാലം മുഴുവൻ തള്ളി കയറ്റിച്ചു എന്നത് വേറെ കഥ അതവിടെ നിൽക്കട്ടെ ചോറ് പൊതിയിലേക്കു വരാം ..

അസീസിന്‌ സംശയങ്ങളേതുമില്ല ഫൈസലാണ് കൊണ്ട് വന്നതെങ്കിൽ ഉമ്മ കൊടുത്തയച്ചത് തന്നെ ,
അങ്ങിനെയൊരു പതിവില്ലെങ്കിൽ പോലും ചത്തത് കീചകനാണെങ്കിൽ കൊന്നത് ഭീമൻ തന്നെ എന്ന നിലപാടിലുറച്ചു .. രണ്ടു പേരും പങ്കിട്ടു തിന്നു തീർത്തു ....

പിറ്റേന്ന് വീണ്ടും ആ താത്തയെ കണ്ടു .. ഒരർത്ഥത്തിൽ പറഞ്ഞാൽ എന്നെ കാത്തു നിൽക്കുകയായിരുന്നു .. ഫൈസലേ ഇന്നലെത്തെ ആ ചോറുപൊതി എന്ത് ചെയ്തു ...?
അത് അസിക്കു കൊടുത്തു .... ഞാനെന്ന നിഷ്കളങ്കൻ ...!
ഏതു അസിക്ക് ... താത്തയുടെ സ്വരം മുറുകുന്നു ....
കുഞ്ഞാലിക്കടുത്തെ അസിക്ക് ....
താത്ത തലയിൽ കൈവെച്ചു ... മുഖത്തു ചിരി വിടർന്നു 
എന്റെ മോളെ ഇന്നലെ രണ്ടു പേരും കൂടി പട്ടിണിക്കിട്ടു അല്ലെ ....
അപ്പോഴാണ് താത്തയുടെ മോൾ ഹസീനയും അവിടെ പഠിക്കുന്നെണ്ടെന്നു ഞാൻ അറിഞ്ഞത് ..
എന്റെ പേരിൽ കുറ്റമില്ല പറയുമ്പോൾ മുഴുവനായി പറയണമായിരുന്നു .....
അന്ന് എനിക്കറിയാവുന്ന ഒരേയൊരു അസി കുഞ്ഞാലിക്കടുത്തെ അസി അല്ലെ ....?

പിന്നീട് പലപ്പോഴും ഹസീനയെ കാണുമ്പോൾ ഈ ചോറുപൊതി കഥ ഞാൻ ഓർമ്മിപ്പിക്കാറുണ്ട് ...
                               

പഠനം തകൃതിയായി നടക്കുന്നുണ്ട് .. പരീക്ഷക്കിനി കഷ്ടി ആര് മാസം പോലുമില്ല .. ക്‌ളാസ്സുകളുടെ സമയം വൈകേന്നേരം നാലു മണി എന്നത് എന്നത് രാത്രി ഒമ്പതു മണി ആയിരിക്കുന്നു

അന്നും പതിവ് പോലെ രാത്രി ക്ലാസ്സ്‌.....

രാജൻ മാഷ് ഹിന്ദി കൊണ്ട് ഹിന്ദി കൊണ്ട് തിരമാലകളെ വെല്ലുന്ന തരത്തിൽ അമ്മാനമാടുകയാണ് ക്‌ളാസ്സിന്റെ ആ ഒരു രസത്തിൽ സമയം പോയത് അറിഞ്ഞില്ല .. ഒമ്പതു മണിക്കുള്ള സ്രാമ്പിക്കൽ അന്ന് മിസ്സായി .. ഞാനും സുഹൃത്ത് ബാജേഷും നടത്തം തുടങ്ങി മൂന്ന് നാല് കിലോമീറ്ററുണ്ട് വടക്കേകാട് നിന്നും മന്നലാംകുന്നിലേക്ക് .. പാഞ്ഞു  വരുന്ന ഓരോ വെളിച്ചത്തെയും ഞങ്ങൾ പ്രതീക്ഷയോടെ നോക്കുന്നുണ്ട്.. കൈ കാണിക്കുന്നുണ്ട് .....

ഒടുവിലൊരു വെളിച്ചം കൈ കാണിക്കാതെ തന്നെ അരികിൽ നിർത്തി .. ജീവിതത്തിൽ വെളിച്ചം നൽകുന്ന മനുഷ്യനാണ് .. രാജൻ മാഷ് .. സഹാനുഭൂതിയും സ്നേഹവുമെല്ലാം കലർന്ന സ്വരത്തിൽ അദ്ദേഹം പറഞ്ഞു കയറിക്കോ കുറച്ചങ്ങോട്ടു ഞാൻ ആക്കി തരാം ... കേൾക്കേണ്ട താമസം എന്നെ അപേക്ഷിച്ചു ആജാനുബാഹുവായ ബാജേഷ് ആ സ്‌കൂട്ടറിന്റെ പിന്നിൽ ചാടി കയറി ഇരുന്നു തിക്കി തെരുക്കി ഒരിച്ചിരി സ്ഥലമുണ്ടാക്കി പുറകിൽ ഞാനും അത്ര സുഖകരമല്ലാത്ത ഒരു യാത്ര .. എങ്കിലും നടക്കേണ്ടല്ലോ എന്ന ആശ്വാസം .....

പക്ഷെ ആ ആശ്വാസത്തിന് ആയുസ്സു കുറവായിരുന്നു .. തെക്കിനിയേടത്തു പടി അന്ന് അത് നാലും കൂടിയ ഒരു ആളില്ലാത്ത കവല .. സിനിമയിലൊക്കെ കാണുന്ന പോലെ തൊട്ടു മുമ്പിൽ സഡൻ ബ്രേക്കിട്ടു നിർത്തുന്ന പോലീസ് ജീപ്പ് .. ചാടിക്കോടാ ....എന്ന് പറയുന്നതിന് മുൻപ് ഞാൻ റോഡിന്റെ ഓരത്തു എത്തിയിരുന്നു ...എങ്കിലും പോലീസ് പിടിച്ചു ... രാജൻ മാഷിന്റെ ജീവിതത്തിലെ ആദ്യ പോലിസാനുഭവം ഞങ്ങളിലൂടെ ആയതിനു പിന്നീട് മാഷ് ഞങ്ങളോട് നന്ദി പറഞ്ഞു .. ഞങ്ങൾ ചാരിതാർഥ്യത്തോടെ മാഷിന് പുഞ്ചിരി സമ്മാനിച്ചു .. സ്‌മരണ ഉണ്ടാവണം മാഷെ .. സ്മരണ ..

ക്ലാസ്സ് കട്ട് ചെയ്യുന്നത് ഒരു പുതുമയല്ലെങ്കിലും അതൊരു സംഭവമായി മാറിയത് അക്ഷരയിൽ നിന്നായിരുന്നു ... വെള്ളിയാഴ്ചത്തെ രാത്രി ക്ളസ്സാണ് കട്ട് ചെയ്തത് .. ശനിയാഴ്ച ലീവെടുക്കാം ഞായർ പിന്നെ പൊതു അവധി തിങ്കൾ ആകുമ്പോഴേക്കും അതൊരു മറന്ന അധ്യായമാകും .. കണക്കു കൂട്ടലുകൾ വളരെ കൃത്യമായിരുന്നു അല്ലെങ്കിലും പരീക്ഷ ചൂടിന്റെ ഈ ബേജാറിനിടയിൽ എന്നെ ആര് ശ്രദ്ദിക്കാൻ .....

ആത്മ വിശ്വാസത്തോടെ തിങ്കളാഴ്ച ക്ളാസിലേക്ക് ... കുട്ടികൾ കോറസ്സായി പറഞ്ഞു " ഹാരിസ് മാഷെ കണ്ടിട്ട് ക്‌ളാസിൽ കയറിയാൽ മതിയെന്നു പറഞ്ഞിട്ടുണ്ട് ... പടച്ചോനെ പെട്ടു... നേരെ ഓഫീസിലേക്ക് ..
നീ അല്ലേ ഫൈസൽ എംസി .. അതെ .. പിന്നെ ചോദ്യവും പറച്ചിലും ഒന്നുമുണ്ടായില്ല .. മാഷ് തുടക്കം വെച്ചു അല്ലെങ്കിലും ഉൽഘാടനത്തിന് എപ്പോഴും യോഗ്യത പ്രിൻസിപ്പലിന് തന്നെയാണല്ലോ .. പിന്നീട് അങ്ങോട്ട് വന്നവരും പോയവരും എല്ലാം കേറി മേഞ്ഞു .. അന്ന് പനി പിടിച്ചു ലീവായിരുന്ന ഭാസ്കരൻ മാഷ് ഞാൻ വന്നതറിഞ്ഞു എടപ്പാൾ നിന്ന് അക്ഷരയിലെത്തി എനിക്ക് തരാനുള്ളത് തന്നു അടുത്ത ബസിൽ തന്നെ മൂപ്പർ തിരിച്ചു പോയി ... എല്ലാവരുടെയും ഊഴം കഴിഞ്ഞു അവിടെ ഒരു പിയൂൺ ഇല്ലാത്തത് നന്നായി അല്ലെങ്കിൽ അയാളും കൂടി കേറി മേഞ്ഞേനെ ....


അന്ന് ഞാൻ പോയതിനു ശേഷം  മാഷ് ക്ളാസിലാകെ ഒന്ന് നോക്കി ഒരാൾ കുറവുണ്ടല്ലോ .. വെള്ളം കുടിക്കാനെന്നു പറഞ്ഞു പോയവനെവിടെ ...ഇനി കിണറ്റിലെങ്ങാനും .. മാഷ് തിരയാൻ ആളെ വിട്ടു ബസ് സ്റ്റോപ്പിലും പരിസരത്തും എല്ലാം തിരഞ്ഞു  ഒടുവിൽ മുഹാവിയ കിണറ്റിലടക്കം ഇറങ്ങി നോക്കിയെന്നാണ് ഞാൻ പിന്നീട് അറിഞ്ഞത് .. ഞാൻ ബസിൽ കയറി പോകുന്നത് ആരോ കണ്ടത് കൊണ്ട് ആ അന്വേഷണം അവിടെ അവസാനിച്ചു ..

ഒരാഴ്ച കഴിഞ്ഞപ്പോൾ ഇതിന്റെ പേരിൽ രണ്ടെണ്ണം കൂടി കിട്ടി .. നിങ്ങൾ ഊഹിച്ച ആൾ തന്നെ ഡേവിഡ് മാഷ് മൂപ്പർ സംഭവം അറിഞ്ഞ ഉടനെ തന്നെ എനിക്ക് വേണ്ടി നിയ്യത്തു ആക്കിയതാണത്രേ .. എന്തായാലും ആദ്യ ചാൻസിൽ തന്നെ മൂപ്പർ നേർച്ചകടം വീട്ടി ...

അങ്ങിങ്ങായി ചിലയോർമ്മകൾ ഇനിയുമേറെ മേഞ്ഞു നടക്കുന്നുണ്ട് ഇരുപത്തിരണ്ടു വർഷങ്ങൾ എന്നത് ചെറിയ കാലയളവ് അല്ലല്ലോ ...? കൂട്ടുകാർ പലരും എവിടെയാണെന്ന് പോലും അറിയില്ല .. ഒരിക്കൽ കൂടി നമ്മുക്ക് നമ്മൾ മാത്രമായി ഒന്ന് ഒരുമിക്കണം പറയാൻ ബാക്കി വെച്ചതെല്ലാം അന്നാകട്ടെ ..എവിടെയോ വെച്ചു മുറിഞ്ഞുപോയ ബന്ധങ്ങളും സൗഹൃദങ്ങളും വീണ്ടെടുക്കാൻ കഴിയുമെന്ന് പ്രത്യാശിച്ചു കൊണ്ട്
സ്നേഹപൂർവ്വം ഫൈസൽ മന്നലംകുന്ന്
അക്ഷരയോർമ്മകൾ അവസാനിക്കുന്നില്ല..........

Thursday, May 21, 2020

തറവാട്

ചില ചിത്രങ്ങൾ നമ്മുടെ മനസ്സിനെ ..
ഓർമ്മകളെ പിറകിലേക്ക് നയിക്കും ..
ഇന്നലെ സുഹൃത്ത് ഫൈസൽ സുലൈമാൻ അയച്ചു തന്ന ഈ ചിത്രം എന്നെ നയിച്ചത്
മൂന്നു പതിറ്റാണ്ടിനു പിറകിലേക്കാണ് .....
എട്ടു വയസ്സുകാരന്റെ നിക്കറിട്ട ബാല്യത്തിലേക്കാണ് ..........
തറവാടിന്റെ നായകൻ ചാക്കോലയിൽ ബക്കറിനെ (എന്റെ വെല്ലിപ്പ ) നേർത്ത ചില അറിവുകൾ മാത്രമേ ഉള്ളൂ ...
എന്റെ ഉമ്മയുടെ ചെറു പ്രായത്തിൽ തന്നെ അദ്ദേഹം മരണപ്പെട്ടിരുന്നു
ചില കേട്ടറിവുകളിൽ നിന്ന് ആരോഗ്യ ദൃഢഗാത്രനും അതി കായനുമായിരുന്നു എന്നാണ് മനസ്സിലാക്കിയിട്ടുള്ളത് ..
ചരിത്രം അറിയാവുന്നവരിൽ നിന്ന് കൂടുതലായി മനസ്സിലാക്കിയില്ല എന്നത് സ്വയം പരാജയമായി വിലയിരുത്തുന്നു ....
തെക്കും പടിഞ്ഞാറുമായി നീണ്ടു കിടക്കുന്ന വീതിയുള്ള വരാന്തയുള്ള തറവാടിന്റെ ആ തെക്കേ കോലായിലിരുന്നു എനിക്കും അനിയനും ചോറ് വാരി തരുന്ന ഉമ്മയുടെ ആ ചിത്രമാണ് തറവാടിനെ കുറിച്ചുള്ള ആദ്യത്തെ ഓർമ്മ
ഓരോ ഉരുളയ്ക്ക് ശേഷവും ഒരറ്റം മുതൽ മറ്റേ അറ്റം വരെ ഓടി കളിക്കുന്ന ആ കുസൃതിയുടെ ഓർമ്മ ഇന്നും ഞാൻ ഉമ്മയോട് പറഞ്ഞു ചിരിച്ചു .....
ഇരു വശത്തും വിശാലമായ മുറ്റങ്ങൾ ...
പടിഞ്ഞാറേ മുറ്റത്തു തണൽ വിരിച്ചു നിൽക്കുന്ന ബദാം മരവും വേപ്പും....
പറങ്കി മാവുകൾ കൊണ്ട് നിറഞ്ഞ ചുറ്റു ഭാഗങ്ങൾ ...
അടുക്കളയോട് ചേർന്ന് വലിയ മുരിങ്ങ മരം
(നീണ്ട തോട്ടി കൊണ്ട് മാനാഫുക്ക പൊട്ടിച്ചിടുന്ന മുരിങ്ങ കോലുകൾ പെറുക്കി കൊടുത്താൽ കിട്ടുന്ന അഞ്ചു രൂപ അന്നത്തെ എന്റെ സമ്പാദ്യങ്ങളിൽ ഒന്നായിരുന്നു )
പിന്നെ ഇടവഴിയോട് ചേർന്ന് നിൽക്കുന്ന ഭീമാകാരനായ അയിനിമരം....
തെക്കു ഭാഗത്തു മറ്റൊരു അയിനി മരം കൂടി ഉണ്ടായിരുന്നു അതിന്റെ ഏതു തുഞ്ചത്തേക്കും വലിഞ്ഞു കയറുന്ന രണ്ടു ബാല്യങ്ങളും ഓർമ്മയിലുണ്ട് .....
പിന്നെ മുറ്റത്തു നിന്നിരുന്ന ആ വലിയ ചെമ്പരത്തിയും കളി കൂട്ടുകാരി ഹസീനയും ഒരു നേർത്ത നിലാവ് പോലെ ഇന്നും മനസ്സിലുണ്ട് .....
പറമ്പിന്റെ തെക്കു പടിഞ്ഞാറു കിഴക്കു വടക്കു മൂലകളിലായി രണ്ടു ചെറു കുളങ്ങളും അതിനു ചുറ്റും വേലി പോലെ പടർന്നു നിന്നിരുന്ന മുളങ്കാടുകളും ....
തറവാടിന്റെ പഴക്കത്തെ കുറിച്ച് വല്ലിമ്മ പറഞ്ഞു തന്ന ചില പരിമിതമായ അറിവുകൾ മാത്രമേ ഉള്ളൂ ..
വല്ലിമ്മയെ കല്യാണം കഴിച്ചു കൊണ്ട് വന്ന വീട് ..
അതിനുമേറെ വര്ഷങ്ങള്ക്കു മുൻപ് വലിയ തട്ടുള്ള വീടായിരുന്നത്രെ ...
ഒരേ സമയം പാലക്കടോ കോയമ്പത്തൂരേ ഉള്ള കച്ചവട സ്ഥാപനവും ഇങ്ങു മന്നലാംകുന്നിലുള്ള ഈ വീടും ഒരുമിച്ചു കത്തിയെന്നാണ് കഥ ..
അതിന്റെ ബാക്കി പാത്രമെന്നോണം പഴയ വീടിന്റെ നടുവക്ത് ഒരു വലിയ തട്ട് ഉണ്ടായിരുന്നു ..
പിന്നീട് വീട് പുതുക്കി പണിതപ്പോൾ ആ വീടിനു വേണ്ട മുഴുവൻ കട്ടിളകളും ഉണ്ടാക്കിയത് ആ തട്ടിൽ നിന്നാണ് ഉണ്ടാക്കിയത് എന്ന് പറയുമ്പോൾ അതിന്റെ കനവും വലിപ്പവും ഊഹിക്കാമല്ലോ ....
ഒരു ഇരുപതു ഇരുപത്തിമൂന്നു വര്ഷങ്ങള്ക്കു മുൻപ് ഒരു മഴക്കാലത്ത് അടുക്കളയുടെ പാർശ്വ ഭിത്തി അടർന്നു വീണു .. അതിനു ശേഷം പുതുക്കി പണിതതാണ് ഈ ചിത്രത്തിൽ കാണുന്നത് ... ഇന്ന് ഇതും ഒരു ഓർമ്മയായി മാറിയപ്പോൾ ചിലതു കുത്തി കുറിച്ചു എന്ന് മാത്രം ...
ഓർമ്മകൾ ഒരു മാറാല പാട കൊണ്ട് ഇനിയുമേറെ മറഞ്ഞു കിടക്കുന്നുണ്ട് ...
തല്ക്കാലം ഇത്രമാത്രം ...

Saturday, April 14, 2018

ആസിഫമോൾക്ക് നീതി ലഭിക്കട്ടെ



ഇതൊരു മാറ്റത്തിന്റെ തുടക്കമാണ്.

ജാതി മത വർഗ വർണ ഭേദമില്ലാതെ

രാജ്യം മുഴുവൻ ആസിഫ് മോൾക്കായി ഒന്നിക്കുക എന്നത്.

കാപാലികർ ആരായാലും ശിക്ഷിക്കപ്പെടുകതന്നെ വേണം.

ജുനൈദും ആസിഫ് യുമൊക്കെ രക്തസാക്ഷികൾ ആകുമ്പോൾ

അതൊരു സമൂഹത്തിനു നേരെയുള്ള വെല്ലുവിളിയാകുമ്പോൾ

ഇവിടെ ഇവർ വെല്ലുവിളിക്കുന്നത് ഇന്ത്യയെന്ന ജനാധിപത്യ രാജ്യത്തെ യാണെന്ന് തിരിച്ചറിയണം.

പ്രതിരോധിക്കണം

ഇവരുടെ അജണ്ടകളെ..... മനസ്സുകൊണ്ടെങ്കിലും.

ബാല്യംമുതൽ വിഷം കുത്തി വയ്ക്കുന്ന സംഘപരിവാർ ശാഖകളെ നിരോധിക്കാൻ ഇവിടെ ആരും ശബ്ദം ഉയർത്തുന്നില്ല.

രാജ്യസ്നേഹം മത വിശ്വാസത്തിന്റെ ഭാഗമാണ് എന്നു വിശ്വസിക്കുന്നവന്റെ നെഞ്ചത്ത് കേറാൻ ആണ് ഇവിടെ പലർക്കും താല്പര്യം.

ആസിഫമോൾക്ക് നീതി ലഭിക്കട്ടെ.

അതോടൊപ്പം ഇന്ത്യയെ ലജ്ജിപ്പിക്കുന്ന

മനുഷ്യമനസ്സാക്ഷിയെ ഒന്നാകെ കിടിലംകൊള്ളിക്കുന്ന

ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കട്ടെ

എന്ന പ്രാർത്ഥനയോടെ

ഫൈസൽ മന്ദലംകുന്ന്

Monday, April 9, 2018

അപ്പേട്ടൻ



നല്ല മഴ

മൂടി പുതച്ചു കിടന്നുറങ്ങാൻ പറ്റിയ സമയം

മൂന്നു നാലു ദിവസമായി ചര്യകളൊക്കെ തെറ്റിയിരിക്കുന്നു

പതിവുള്ള നടത്തം പോലും

വെറുതെയുള്ള ഈ ഇരിപ്പ് ഏകാന്തതയെ ക്ഷണിക്കുന്നു

ഏകാന്തതയാകട്ടെ വിഷാദത്തെയും

ഇത് രണ്ടും എനിക്ക് അഭികാമ്യമല്ല ..

മഴ അല്പം മാറിനിന്ന ആ സായാഹ്നത്തിൽ ഞാൻ പുറത്തേക്കിറങ്ങി

ഏതോ ഒരു പ്രേരണയാൽ എന്ന പോലെ വെറുതെ ഇറങ്ങി നടന്നു

പ്രതേകിച്ചു ഒരു ലക്ഷ്യമൊന്നും ഉണ്ടായിരുന്നില്ല ..

മുക്കണ്ടത്തു കുഴിയിലെ നെൽ പാടങ്ങളിൽ മുഴുവൻ വെള്ളം നിറഞ്ഞു കിടക്കുന്നു .

കളി സ്ഥലത്തെ അടയാള പെടുത്താനെന്ന വണ്ണം ഉയർന്നു നിൽക്കുന്ന ഗോൾ പോസ്റ്റുകൾ ,

ചൂണ്ടലിനറ്റവും പിടിച്ചു തപസ്സിരിക്കുന്ന കുട്ടികൾ ..

.വഴിയോര കാഴ്ചകൾ നന്നായി ആസ്വദിച്ചു കൊണ്ട് തന്നെ നടന്നു പുന്നയൂർക്കുളത്തിന്റെ സുകൃതം

കമലാ സുരയ്യയുടെ തറവാടായ നാലാപ്പാട്ടും കഴിഞ്ഞു ആൽത്തറയിൽ എത്തിയപ്പോഴാണ് ചുരുങ്ങിയത് നാലു കിലോമീറ്റർ എങ്കിലും നടന്നു കാണും എന്ന ബോദ്യം ഉണ്ടായത്

അമ്പാടിയിൽ നിന്ന് ഒരു ചായയും കുടിച്ചു തിരിച്ചു പോരാൻ ഒരുങ്ങുമ്പോഴാണ് ശവ മഞ്ചവും വഹിച്ചു കൊണ്ടുള്ള ആ ആൾക്കൂട്ടത്തെ കണ്ടത്

പരിചയ മുഖങ്ങൾ ഒട്ടേറെയുണ്ട് ആ സംഘത്തിൽ

ആരായിരിക്കും മരിച്ചത് ?

മരണ വിവരം അറിഞ്ഞില്ലല്ലോ ....?

ഒരു ഖേദത്തിനു ഇട വരരുത്........

ഒപ്പം കൂടുക തന്നെ

ആറ്റുപുറം ശ്‌മശാനം .......

ഞാൻ ഒരല്പം അകന്നു മാറി നിന്നു

ആത്‌മാക്കൾ എന്നത് മിഥ്യയാണെന്നു നല്ല ബോധ്യമുണ്ട്

എങ്കിലും ശ്മാശാനത്തെ എനിക്ക് ഭയമാണ് ആ പരിസരത്തു എത്തുമ്പോൾ എന്നോ വായിച്ചു മറന്ന അപ സർപ്പക കഥാ പാത്രങ്ങൾക്കു ചിലപ്പോൾ ഞാൻ രൂപവും ഭാവവും കൊടുക്കുമെന്ന് എനിക്ക് തന്നെ പേടിയുണ്ട്

പണ്ടത്തെ ചില ഉത്തരം കിട്ടാത്ത ചോദ്യങ്ങളാണ് ഇത്തരത്തിൽ എന്നെ ചിന്തിപ്പിക്കുന്നത് ..

ചെറുപ്പത്തിൽ പള്ളി കുളത്തിൽ കണ്ട ആ രൂപം അതെന്തായിരുന്നു .....? ഇടവഴിയിലെ കുടമ്പുളി ചുവട്ടിലെ പേടി പെടുത്തുന്ന ആ നിശബ്ദത സൃഷ്ടിച്ചത് ആരായിരുന്നു .......?

മരണം എത്ര ക്ഷണികമാണെന്നു ഞാൻ ഓർക്കുകയായിരുന്നു

വെട്ടി പിടിച്ചതും കവർന്നെടുത്തതും മരണമെന്ന ഈ കാത്തിരിപ്പിനു വേണ്ടിയാകണം

ഒടുവിൽ രാജാവും ഭടനും ഒരേ മണ്ണിൽ...........

ഇരുട്ടറയിൽ ...

പക്ഷെ ഇക്കൂട്ടർക്ക് ഒരു ന്യായവുമുണ്ട് മരിക്കുന്നതു വരെ ജീവിക്കേണ്ടേ...? അപ്പേട്ടനെയും ഇവിടെ തന്നെയാണ് സംസ്കരിച്ചത് എന്ന് ഞാൻ പെട്ടെന്ന് ഓർത്തു

എന്റെ അയല്ക്കാ രനും അച്ഛന്റെ സുഹൃത്തുമാണ് അപ്പുവേട്ടന്‍ ...

ഒരു പക്ഷെ ആത്‌മാക്കൾ എന്നത് സത്യമാണെങ്കിൽ അപ്പേട്ടന്റെ ആത്‌മാവും ഇവിടെ ഉണ്ടാകും

ഒരു പക്ഷെ എന്നെ അദ്ദേഹം കാണുന്നുണ്ടാകുമോ

പഴയതു പോലെ ഒരുപാട് കാര്യങ്ങൾ പറയണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നുണ്ടാവുമോ ....

സമയം ഒരു പാട് വൈകിയിരിക്കുന്നു ഞാൻ തിരിച്ചു നടന്നു

അപ്പോഴും അപ്പേട്ടൻ തന്നെ ആയിരുന്നു മനസ്സിൽ ************************




ദൂരെ നിന്നെ ആളെ കണ്ടു

ബസും സമയവും പറഞ്ഞത് കാരണം നേരെ ചെന്ന് അപ്പുവേട്ടനല്ലേ എന്ന് ചോദിക്കേണ്ട താമസമേ ഉണ്ടായിരുന്നുള്ളൂ

അയാളുടെ തോള്‍ സഞ്ചി വാങ്ങി പിടിക്കാനുള്ള എന്റെ ശ്രമത്തെ സ്നേഹപൂര്വം് നിരുല്സാങഹപെടുത്തി അയാള്‍ എന്നോടപ്പം നടന്നു തുടങ്ങി അയാള്‍ എന്ന് വിളിക്കുന്നിടത് ഒരു ബഹുമാനക്കുറവ് അനുഭവപെടുന്നുണ്ടോ...

ഈ ചെറുപ്പത്തിന്റെറ ഒരു പ്രശ്നമാണിത്

അച്ഛന്റെ സുഹൃത്താണ്‌

അപ്പുവേട്ടന്‍ എന്ന് തന്നെ വിളിക്കണം ...

അപ്പുവേട്ടന്‍ ഈ മന്ദലംകുന്ന് വിട്ടു പോയിട്ട് കാലമേറെ കഴിഞ്ഞിരിക്കുന്നു ഇന്ത്യ മുഴുവന്‍ സഞ്ചരിചിട്ടുണ്ട് അച്ഛന്‍ പറഞ്ഞിട്ടുള്ള അറിവാണ്. പണ്ടെങ്ങോ ദാരിദ്രം അതിന്റെട ഉച്ചസ്ഥായിയില്‍ നില്ക്കു ന്ന സമയത്താണ് അച്ഛനും അപ്പുവേട്ടനും കൂടി ജോലി തേടിയിറങ്ങിയത് ...

പാലക്കാട്‌ ഒരു കൂട്ടുകാരന്‍ ജോലി ചെയ്യുന്നുണ്ട് ആ ഒരു ദൈര്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ കത്തിലൂടെ ബന്ധപെട്ടിരുന്നു. വലിയ നടകീയതൊക്കൊന്നും വകുപ്പില്ലാതെ കൂട്ടുകാരന്‍ ജോലി ചെയ്യുന്ന ഹോട്ടലില്‍ തന്നെ ജോലി കിട്ടി.

എച്ചില്പാ്ത്രങ്ങള്‍ കഴുകാന്‍ കൊണ്ട് കൊടുക്കലാണ് ജോലി

പക്ഷെ അച്ഛന് ആ ജോലി അത്ര ഇഷ്ടമായില്ല പിറ്റേന്ന് തന്നെ അച്ഛന്‍ അവിടെ നിന്നും തിരിച്ചു പോരാന്‍ തിടുക്കം കാണിച്ചു

പക്ഷെ അപ്പുവേട്ടന്‍ അതിനൊരുക്കമായിരുന്നില്ല.

ഒന്നും രണ്ടും പറഞ്ഞു രണ്ടാളും പിണങ്ങി

അച്ഛന്‍ പാലക്കാട്‌ തന്നെയുള്ള പുതുശ്ശെരിയിലേക്ക് പോയി അവിടെ അച്ചന്റെന ഒരു അമ്മാവന്‍ കുടുംബവുമായി താമസിക്കുന്നുണ്ട്.

കുറച്ചു ദിവസത്തിന് ശേഷം അച്ഛന്‍ നാട്ടിലേക്ക് തിരിച്ചു

അപ്പുവേട്ടന്‍ ഹോട്ടല്‍ സരോവറിലെ ഒരു ശമ്പളക്കാരനായി മാറുകയും ചെയ്തു

.വീടെത്തിയിരിക്കുന്നു അപ്പേട്ടനും അച്ഛനും ഒരുപാടു കാലത്തെ കഥകള്‍ പരസ്പരം കൈമാറാന്‍ ഉണ്ട്.

ഒരു ഒഴിവു ദിവസത്തില്‍ കോട്ട മൈതാനം കാണാന്‍ പോയതായിരുന്നു അപ്പുവേട്ടൻ അവിടെ വെച്ചാണ് മണിയാശാന്‍ എന്ന് ആളെ അപ്പുവേട്ടന്‍ പരിച്ചയപെടുന്നത്

ആള്‍ ഒരു ഒറ്റമൂലി വൈദ്യനാണ്

പരസ്പരം പരിചയപെട്ടു കഴിഞ്ഞപ്പോള്‍ വൈദ്യര്‍ ഒറ്റ ചോദ്യം

എനിക്ക് ഒരാളെ വേണം തനിക്കെന്റെ് കൂടെ പോരാമോ .

.അങ്ങനെ തുടങ്ങിയ ഉലകം ചുറ്റല്‍

വൈദ്യരുടെ മരണ ശേഷവും അത് തുടർന്നു




കുറെയേറെ വൈദ്യവും സംസ്കാര വിഭിന്നതയും ഭാഷകളും പഠിച്ചു.

ആ കാല ഘട്ടത്തില്‍ എപ്പോഴോ അവരുടെ കുടുംബവും ഈ മന്ദലകുന്നു വിട്ടു പോയിരുന്നു ....

അപ്പേട്ടന്‍ യഥാര്ത്ഥ ത്തില്‍ ഒരു യോഗി തന്നെ

അതിന്റെ മട്ടും ഭാവങ്ങളും ഒന്നും ഇല്ലെങ്കിലും .

എന്നെ സംബന്ധിച്ചിടത്തോളം അപ്പുവേട്ടന്‍ ഒരു അവതാരമായിരുന്നു ചെറൂക്കിലെ മരണ കയത്തില്‍ നിന്നും എന്നെ രക്ഷിക്കാനായി നിയോഗിക്കപെട്ട അവതാരം

അതൊരു മാമ്പഴക്കാലമായിരുന്നു ..

എത്താ കൊമ്പത്ത് പഴുത്ത മാമ്പഴങ്ങള്‍

കല്ല്‌ കൊണ്ടുള്ള എന്റെ പരീക്ഷണങ്ങള്‍ പരാജയ പെട്ട് കൊണ്ടിരുന്നു

അത് കണ്ടിട്ടാകണം അപ്പുവേട്ടന്‍ മരത്തില്‍ കയറി കുറെ മാമ്പഴങ്ങള്‍ പറിച്ചു തന്നു

ആ മരത്തില്‍ നിറയെ പുളിയുറുമ്പുകള്ആ‍യിരുന്നു

അന്ന് ആ പാവത്തിന് അവറ്റകളുടെ കടി കുറെ കിട്ടി കാണും .. അന്തരീക്ഷത്തിനു കനം വെച്ചതും പെയ്തു തുടങ്ങിയയതും പെടുന്നനെ ആയിരുന്നു

അപ്പേട്ടനെ പോലെ മഴയും വിരുന്നുകാരനായി

നല്ല അത്യുഗ്രന്‍ മഴ ..

ആ ഒറ്റ മഴ കൊണ്ട് തന്നെ ചെറൂക്ക് നിറഞ്ഞു കവിഞ്ഞു

ഒരു പതിനൊന്നു വയസ്സുകാരന്റെ ഉയരത്തിനെക്കള്‍ അധികം..... ചിരപരിചിതമായിരുന്ന ആ കുളം അന്നൊരു ദിവസത്തേക്ക് എനിക്കപരിചിതമായി തീര്ന്നു

കുളിക്കാനുള്ള ആവേഷത്തിലോ

അപ്പേട്ടന്‍ കൂടെയുള്ള സന്തോഷത്തിലോ ഞാനെടുത്തു ചാടിയത് എന്നെക്കാള്‍ ഉയരമുള്ള വെള്ളതിലെക്കായിരുന്നു

ദുരൂഹതകള്‍ ഒരുപാടു നിറഞ്ഞ ചെരൂക്ക് ....

കഥകള്‍ ഒരുപാട് കേട്ടിരിക്കുന്നു....

അയല്ക്കാ രിക്ക് നിധി കിട്ടിയത് ഉള്പ്പ ടെ...

അറിയാകഥകള്‍ അതിലേറെ ഉണ്ടെന്ന് പറയപെടുന്നു

എന്തായാലും ചെരൂക്കിനു പറയാന്‍ ഒരു കഥ കൂടി കിട്ടി .

ചെരൂക്കിലെ പകുതി വെള്ളവും ഇവന്‍ കുടിച്ചു വറ്റിച്ചു എന്ന് പിന്നീടു എപ്പോഴോ കളിയാക്കിയിട്ടുണ്ട് അപ്പേട്ടന്‍ ....

പിന്നീട് അങ്ങോട്ട് ചരിത്രവും കഥയുമായി എന്റെ വൈകുന്നേരങ്ങളും ഒഴിവു സമയങ്ങളും സജീവമാക്കിയത് അപ്പേട്ടനായിരുന്നു .......

അപ്പേട്ടൻ പറഞ്ഞ പല കഥകളും പലപ്പോഴായി ഞാൻ എഴുതിയിട്ടുണ്ട് കുറ്റ ബോധത്തോടെ പറയട്ടെ നീതി പുലർത്താൻ കഴിഞ്ഞില്ലെങ്കിലും .... ഇരുപത്തിനാലു വര്ഷങ്ങള്ക്കു ശേഷം ഒരു ശവമഞ്ചം എന്നെ അപ്പേട്ടന്റെ ഓർമ്മകളിലേക്ക് കൊണ്ട് പോയി എന്നത് സന്തോഷം നൽകുന്നു .

ഓർമ്മകൾ അവസാനിക്കുന്നില്ല…

പക്ഷെ വീടെത്തിയിരിക്കുന്നു ....

പഞ്ചസാര വാങ്ങിയിട്ടില്ല

സഹധർമ്മിണി കാണും മുൻപ് വീണ്ടും തിരിച്ചു നടന്നു

അബ്ദുല്ലക്കാടെ പീടികയിലേക്ക്

മഴ വരുന്നതിനു മുൻപ് തിരിച്ചെത്തണം ........

അപ്പേട്ടൻന്റെ ഓർമ്മകൾക്ക് തല്ക്കാലം വിരാമം ................

DACA ചരിത്രം ഒരു ലഘു വിവരണം



സുഹൃത്തുക്കളെ ,

ഇന്ന് കേട്ട ഏറ്റവും നല്ല വാർത്ത daca മന്നലാംകുന്നിന്റെ പുതിയ ഓഫീസ ഉത്ഘാടനത്തെ കുറിച്ചുള്ളതായിരുന്നു ..

പഴയ വാശിയും വൈരാഗ്യവും ഇന്ന് ആർക്കും ആരോടുമില്ല

പക്ഷെ ഒന്നുണ്ട്

ഒരിക്കലും ചോർന്നു പോകാത്ത ആവേശം ...

ആ ആവേശത്തിന്റെ പ്രേരണയിൽ തന്നെയാണ് ഈ കുറിപ്പ് തയ്യാറാക്കുന്നത് ....

17 വർഷത്തെ ചരിത്രം ...

മറക്കാൻ പാടില്ലാത്ത ചില സംഭവങ്ങൾ

ചില വ്യക്തികൾ ....

ഡയമണ്ട് എന്ന ക്ളബ്ബിന്റെ അവസാന നാളുകളിലെ സങ്കര്ഷ ഭരിതമായ അന്തരീക്ഷത്തിനു ശേഷം ഇനിയെന്തു എന്ന ചോദ്യവുമായി പിലാക്ക കാട്ടിലെ മധുരിക്കുന്ന പുളി മരചുവട്ടിൽ കയ്‌പേറിയ ചില അനുഭവങ്ങളുമായി ഞങ്ങളിരിക്കുമ്പോൾ എന്റെ പ്രിയ സ്നേഹിതൻ ബഷീറിന്റെ നാവിൻ തുമ്പത്തു നിന്നാണ് ആ പേര് വീണത് DACA (DEVELOPMENT AND CULTURAL ASSOCIATION )

പിന്നീട് അങ്ങോട്ട് ഒരു നെട്ടോട്ടമായിരുന്നു ..

വാശിയും ചോരാത്ത ആവേശവും തന്നെയാണ് ഞങ്ങളെ അന്നും നയിച്ചത് .. വർധിച്ച ഉത്സാഹത്തോടെ ഞങ്ങളുടെ കൂടെ എന്തിനും ഏതിനും തയ്യാറായി നമ്മുടെ അബുക്ക (കുന്നിക്കൽ ) ,

എല്ലാവിധ പിന്തുണയും പ്രേരണയും നൽകിയ കാമക്കയും കരീമിക്കയും (അള്ളാഹു ഇരു കൂട്ടർക്കും സ്വർഗം പ്രധാനം ചെയ്യട്ടെ ആമീൻ ,,,}

പിന്നെ ആവേശവും തന്റേടവും ഒത്തു ചേർന്ന രൂപത്തിൽ എന്റെ പ്രിയ സ്നേഹിതർ സലീമും ഷെമിയും ...

സൗജന്യ ട്യൂഷൻ എന്ന ആശയത്തോട് പൂർണമായി സഹകരിച്ചു തങ്ങളുടെ ഒഴിവു സമയങ്ങൾ മുഴുവൻ DACA യുടെ പ്രവർത്തനങ്ങൾക്കായി എന്റെ പ്രിയ കൂട്ടുകാർ ഷിഹാബും റഷീദും

സമിതിയുടെ പ്രവർത്തനത്തിനും സ്വഭാവത്തിനും അനുയോജ്യമായ എംബ്ലം കണ്ടു പിടിച്ച പ്രിയപ്പെട്ട അഫ്സൽ

ക്ലബിന് വാടക കൊടുക്കാനില്ലാത്ത ഒരു ഘട്ടത്തിൽ ഉമ്മയുടെ മാല പണയം വെച്ച് വാടക കൊടുത്ത പ്രിയപെട്ട നൗഫൽ

രജിസ്‌ട്രേഷൻ പോലുള്ള കാര്യങ്ങൾക്കു നിയമ പരമായ ചുക്കാൻ വഹിച്ചിരുന്ന പ്രിയപ്പെട്ട സലിം സാർ ......

പ്രശ്നങ്ങൾ മൂർച്ഛിച്ച ഒരു ഘട്ടത്തിൽ ജി ഐ പൈപ്പുമായി ബൂത്തു തല്ലി പൊളിക്കാൻ ഉറച്ച കാൽവെപ്പും അതിലേറെ ഉറച്ച മനസ്സുമായി നടന്നു നീങ്ങിയ ഞങ്ങളെ തടഞ്ഞ പ്രിയപ്പെട്ട ഇസ്ഹാഖ്

ഹസനുമായുള്ള വിഷയത്തിൽ പോലീസ് സ്റ്റേഷനിൽ നയപരമായി കാര്യങ്ങൾ തീർപ്പാക്കിയ പ്രിയപ്പെട്ട ഹബീബും റഷീദും

എടുത്തു പറയാൻ ഇനിയും ഒരുപാട് പേർ

ദീർഘ കാലം ക്ലബ്ബിന്റെ സെക്രട്ടറി ആയിരുന്ന മുഹമ്മദ് ,

എടയൂർ ഉസ്മാനിക്ക , മണിയേട്ടൻ , ശിവേട്ടൻ ....ഈ പട്ടികയിൽ ഇനിയും പേരുകൾ ചേർക്കാനുണ്ട് കൂടെ ഓർത്തോർത്തു ചിരിക്കാൻ ജസ്റ്റിന്റെയും അലെക്സിന്റെയും ചില കോമഡികൾ ....

ഒരു വാട്സാപ്പ് മെസ്സേജിൽ ഒതുക്കി തീർക്കാൻ കഴിയുന്നതല്ല തുടക്കത്തിലേ സംഭവങ്ങൾ വെറുതെ ഒന്ന് സൂചിപ്പിച്ചെന്നു മാത്രം ........

ലഹരി വിരുദ്ധ കാമ്പയിനും യുദ്ധ വിരുദ്ധ റാലിയും ജുമ്പാ സിസ്റ്റേഴ്സിന്റെ അറേബ്യൻ ഒപ്പനയുമെല്ലാം DACA ക്കു മന്നലാംകുന്നിന്റെ ചരിത്രത്തിൽ ഒരു ഇടം നേടി കൊടുത്തു എന്നത് ഇവിടെ സ്മരിക്കുന്നു

17 വര്ഷം എന്നത് ചെറിയ കാലയളവ് അല്ല

ചിലതൊക്കെ മറന്നു മറ്റു ചിലതു നേർമയോടെ തെളിയുകയും ചെയ്യുന്നു ..അവസാനമായി നടന്ന അശോകൻ നവാബ് സംഭവം ഉൾപ്പെടെയുള്ളതു ... മേൽ പറഞ്ഞ എല്ലാ സംഭവങ്ങളിലും എല്ലാവരും ഉള്പെട്ടിണ്ടുണ്ട്

 എഴുത്തിന്റെ ഒഴുക്കിനു വേണ്ടി ഓരോ സംഭവങ്ങളിലും
ഓരോരുത്തരുടെ പേരുകൾ ഉൾപ്പെടുത്തി എന്ന് മാത്രം

ആരെയെങ്കിലും വിട്ടു പോയിട്ടുണ്ടെങ്കിൽ മനഃപൂർവം അല്ല

ഓര്മ കുറവ് കൊണ്ടാണെന്നു ക്ഷമാപണത്തോടെ ഉണർത്തട്ടെ ....

പുതു തലമുറയ്ക്ക് മൻസൂർ ഫാറൂഖ് എന്നിവരെ പോലെ പ്രവർത്തന പരിചയവും വിവേകവുമുള്ള ശക്തമായ ഒരു നേതൃ നിര ഉണ്ട് എന്നത് സന്തോഷം നൽകുന്നു

അവർ നടത്തിയ ജല വിതരണമെന്ന ആശയവും ആ പ്രവർത്തിയും അവരുടെ ഇച്ഛാ ശക്തി വെളിവാക്കുന്നു ...

.ഇവിടെ ഫാസിലിന്റെ DACA യോടുള്ള കരുതലിനെ കുറിച്ചും നന്ദിയോടെ ഓർക്കുന്നു

ഒരാളുടെ പേര് കൂടി ഇടതു പറയാതെ ഈ കുറിപ്പ് പൂര്ണമാകുകയില്ല തന്റെ ജോലി തിരക്കിനിടയിലും ശക്തമായ ഇട പെടലുകളിലൂടെ കൃത്യമായ നിർദേശങ്ങളിലൂടെ വിവേക പൂർവമായ തീരുമാനങ്ങളിലൂടെ ഈ സംഘടനയെ മുന്നോട്ടു നയിക്കുന്ന എന്റെ അനിയൻ റിയാസ് ....




അതോടൊപ്പം DACA uae ഗ്രൂപ്പിൽ ഇപ്പോഴും ക്ലബ്ബിന്റെ പ്രവർത്തനങ്ങളെ കുറിച്ച് ആരായുകയും സാമ്പത്തികമായും മാനസികമായും പിന്തുണ നൽകുന്ന പ്രിയപ്പെട്ട അജിൽ, അസി , മുജീബ് ,റഫി , സയീദ് കടവിൽ , ഷെഫീർ rs ഷെകീർ എന്നിവരെയും ഈ അവസരത്തിൽ നന്ദിയോടെ സ്മരിക്കുന്നു ..

വിട്ടു വീഴ്ചയും ക്ഷമിക്കാനുള്ള മനസ്സും ഭീരുത്വമല്ല മറിച്ചു അതാണ് ധീരതയും വ്യവസ്ഥാപിതമായ സമൂഹത്തോടുള്ള ഉത്തരവാദിത്തവും ..




കൂട്ടായ തീരുമാനങ്ങളും അവരുടെ സൗഹൃദ വലയവും അവർ ഇത് വരെ പ്രകടിപ്പിച്ച ഇച്ഛാ ശക്തിയും ഒത്തു ചേർന്നാൽ ഇനിയും പലതും സമൂഹത്തിനു വേണ്ടി ഈ പുതു തലമുറയ്ക്ക് ചെയ്യാൻ കഴിയും എന്ന വിശ്വാസത്തോടെ തല്ക്കാലം വിട .......




എഴുതി തീരുന്നതല്ല ടൈപ്പ് ചെയ്യാനുള്ള മടി കൊണ്ട് അവസാനിപ്പിച്ചതാണ് എല്ലാ പ്രിയപ്പെട്ട കൂട്ടുകാർക്കും ഒരു നേരം വൈകിയ ഈദ് മുബാറക് സ്നേഹപൂര്വ്വം ഫൈസൽ മന്നലാംകുന്ന്